ഒരു പുഴയായ് തുള്ളിത്തുടിച്ചു ഒഴുകണമെന്നുണ്ട് എങ്കിലും എനിക്കറിയില്ല എന്‍ ജാതകം...

കവിത


ഒരു ബോണ്‍സായ് മരത്തിന്‍റെ വേവലാതികള്‍

പൊട്ടിയ ബക്കറ്റിലാണ്
എന്‍റെ നാരായവേര്
ശക്തമായ കാറ്റൂതുമ്പോള്‍
ചുമര്‍ ചാരിനില്‍ക്കണം

ഏച്ചുകെട്ടിയ മുതികില്‍ അണുബാധ
ഇലകള്‍ക്കെല്ലാം കൈപ്പുരസം

കായും കനികളും
ചില്ല് ചാലകത്തിലൂടെ
പുറത്തേക്ക്‌ വളരുന്നു
പുറത്ത്
ഉണക്കാനിട്ട ചുള്ളികള്‍
മഴ നനയുന്നു

സന്ദര്‍ശക മുറിയിലിരുന്നു
ടിവി കണ്ടു കാണ്ട്
കണ്ണുകള്‍ക്ക് തിമിരം ബാധിച്ചു

പിറവിയുടെ സസ്യശാസ്ത്രത്തില്‍
എനിക്കൊരു കൊച്ചുമകളില്ല
പുനര്‍ ജനിക്കാന്‍
ഒരു ആല്‍ത്തറയുമില്ല
പുഴ കാണുമ്പോള്‍ 
ഞാന്‍ കണ്ണുപൊത്താറില്ല 
പുഴ കടക്കുമ്പോള്‍
ഞാന്‍ കിനാവ് കാണാറുമില്ല
എനിക്കുമൊരു പുഴ വേണം
ഒഴുക്കും ഓളവുമുള്ള
വറ്റാത്ത പുഴ

No comments:

Post a Comment