കരളില്‍ കൊത്തിക്കിളച്ച്
വിരലാല്‍ കണ്ണുതുളച്ച്
വറുതിയില്‍ നട്ടതാണ്
ഈ മാവുകള്‍.
ഇന്ന് മാമ്പഴമല്ലതില്‍
ഉണ്ണീ..
നിന്‍ ചിത്തം കാര്‍ന്നുതിന്നും
കോശങ്ങള്‍ വളരുന്ന പിണ്ഡം
വിശപ്പിന്‍ മണ്‍പാത്രത്തില്‍
മണ്ണിരകള്‍ പെറ്റുപെരുകുന്നു
നിന്‍റെ കശേരുക്കളില്‍ പിത്തരസം
മുടിനാരിഴകളില്‍ ലാവാ പ്രവാഹം
നിന്‍റെ കണ്ണു നീരിനുമുണ്ട്
അമ്ലത്തിന്‍റെ രൂക്ഷ ഗന്ധം
ഉണ്ണീ..
നിനക്ക് ഉഞ്ഞാല്‍ കെട്ടാന്‍
ഒരു മഴവില്ല് പോലുമില്ലെന്നോ
നിന്‍റെ ഓലപ്പമ്പരം
യജമാന്‍മാരുടെ ശിരസ്സ് അറുക്കുമെങ്കില്‍
കാക്കത്തൊള്ളായിരം മാമ്പഴങ്ങള്‍
കാക്ക കൊത്താതെ പോയേനെ...
സമര്‍പ്പണം: മുതലമടയിലെ എന്റോസള്‍ഫാന്‍ പ്രദേശ മാമ്പഴ തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക്.