ഒരു പുഴയായ് തുള്ളിത്തുടിച്ചു ഒഴുകണമെന്നുണ്ട് എങ്കിലും എനിക്കറിയില്ല എന്‍ ജാതകം...
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

ഉണ്ണി മാങ്ങകള്‍

കരളില്‍ കൊത്തിക്കിളച്ച്
വിരലാല്‍ കണ്ണുതുളച്ച്
വറുതിയില്‍ നട്ടതാണ്
ഈ മാവുകള്‍.
ഇന്ന് മാമ്പഴമല്ലതില്‍
ഉണ്ണീ..
നിന്‍ ചിത്തം കാര്‍ന്നുതിന്നും
കോശങ്ങള്‍ വളരുന്ന പിണ്ഡം
വിശപ്പിന്‍ മണ്‍പാത്രത്തില്‍
മണ്ണിരകള്‍ പെറ്റുപെരുകുന്നു  
നിന്‍റെ കശേരുക്കളില്‍ പിത്തരസം
മുടിനാരിഴകളില്‍ ലാവാ പ്രവാഹം 
നിന്‍റെ കണ്ണു നീരിനുമുണ്ട്
അമ്ലത്തിന്‍റെ രൂക്ഷ ഗന്ധം
ഉണ്ണീ..
നിനക്ക് ഉഞ്ഞാല്‍ കെട്ടാന്‍
ഒരു മഴവില്ല് പോലുമില്ലെന്നോ
നിന്‍റെ ഓലപ്പമ്പരം
യജമാന്‍മാരുടെ ശിരസ്സ് അറുക്കുമെങ്കില്‍
കാക്കത്തൊള്ളായിരം മാമ്പഴങ്ങള്‍
കാക്ക കൊത്താതെ പോയേനെ...






സമര്‍പ്പണം: മുതലമടയിലെ എന്റോസള്‍ഫാന്‍ പ്രദേശ  മാമ്പഴ തൊഴിലാളികളുടെ  കുഞ്ഞുങ്ങള്‍ക്ക്.

നിലാവിനപ്പുറത്തെ പുഴ

വയലുകള്‍ തീ പിടിക്കുന്നു 
ഷാഹിനാ
ഞാന്‍ നിന്‍റെ മെലിഞ്ഞ വിരലുകളെയും സ്നേഹിക്കുന്നു 


പിളര്‍ന്ന ഖബറുകള്‍ 
ഉണങ്ങിയ മൈലാഞ്ചി
നിലാവിനപ്പുറത്ത്
ഇപ്പോഴും പുഴയൊഴുകുന്നു.


ഷാഹിനാ
മുന്തിരിത്തോപ്പുകളുടെ അധിപയാണ്  നീ
എന്‍റെ കിനാക്കളുടെ ഒളിസങ്കേതവും
എന്നിട്ടും നിന്‍റെ ആകാശത്തില്‍
ഒരുനക്ഷ്ത്രം കരഞ്ഞുകൊണ്ടിരിക്കുന്നു.


ഓര്‍മ്മയിലിപ്പോഴും നിനക്ക് പനിനീരിന്‍റെ സുഗന്ധം
മഞ്ഞിന്‍റെ വെളുവെളുത്ത നിറം 
ഒരു കുരുന്നുമാലാഖയുടെ 
ചിരിക്കുന്ന മുഖം 


ഇനി നീ പറയുക 
ഞാനാണോ നീയാണോ ആദ്യം മരിച്ചത്.